മലപ്പുറം: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളായ മൂന്ന് അസം സ്വദേശികളെ വൻ ബ്രൗൺഷുഗർ ശേഖരവുമായി മലപ്പുറത്ത് പൊലീസ് പിടികൂടി.
അസം നാഗോൺ സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹഖ് (31), റഷീദുൽ ഇസ്ലാം (32) എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 333 ഗ്രാം ബ്രൗൺഷുഗർ പൊലീസ് പിടിച്ചെടുത്തു.
തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി – പട്ടാമ്പി റോഡിൽ കൊട്ടാരത്ത് വെച്ചായിരുന്നു നാടകീയമായ അറസ്റ്റ്. ലഹരിമരുന്ന് കടത്ത് തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വാഹനം പരിശോധിക്കുകയാ യിരുന്നു പൊലീസ്.
ഈ സമയം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ജീപ്പ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ അസമിൽ നിന്ന് നേരിട്ടെത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന് വാഹനം വിശദമായി പരിശോധിച്ച പൊലീസ് സംഘം, ജിപ്പിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പല സംസ്ഥാനങ്ങളിലെയും അതിർത്തി പരിശോധനകൾ വെട്ടിച്ച് ഇവർ കേരളം വരെ എത്തിയെങ്കിലും മലപ്പുറത്ത് വെച്ച് വലയിലാവുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ആനന്ദ് ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ്‌കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമ്മൽ എന്നിവരടങ്ങിയ ജില്ലാ ഡാൻസാഫ് ടീമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ കേരളത്തിൽ ആർക്കൊക്കെ വേണ്ടിയാണ് ലഹരി എത്തിച്ചതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
