മസ്കത്ത് : ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികന് ദാരുണാന്ത്യം. ഇന്ത്യയിലേക്ക് പുറപ്പെട്ട എം.വി. കേപ് ദാവോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ്‌യുഐ) അറിയിച്ചു.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ സുരാജ് യാദവ് ആണ് മരിച്ചത്. കപ്പലിൽ 20 ഇന്ത്യക്കാരുൾപ്പെടെ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിന് നേരെ ടോർപിഡോ ആക്രമണമാണ് ഉണ്ടായതെന്നാണ് യൂണിയൻ പറയുന്നത്. രണ്ട് ടോർപിഡോകളിൽ ഒന്ന് കപ്പലിന്റെ സി ഡെക്കിലും മറ്റൊന്ന് എൻജിൻ റൂമിന് സമീപവുമാണ് പതിച്ചതെന്നാണ് എഫ്എസ്‌യുഐയുടെ വിശദീകരണം.
ആക്രമണത്തിൽ കപ്പലിന് ഗുരുതരമായ നാശനഷ്ടമുണ്ടായതായും ജീവനക്കാരുടെ സുരക്ഷ ആശങ്കയിലായതായും യൂണിയൻ വ്യക്തമാക്കി. ഹോർമുസ് മേഖലയിൽ സാധാരണ നാവികരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം തുടരുകയാണെന്നും എഫ്എസ്‌യുഐ ആരോപിച്ചു.
നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
