ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ഡൽഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത. നിലവിൽ ‘വളരെ മോശം’ വിഭാഗത്തിലുള്ള വായു ഗുണനിലവാരം തിങ്കളാഴ്ചയോടെ ‘ഗുരുതരം’ എന്ന നിലയിലെത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
പടക്കങ്ങളുടെ ഉപയോഗം, വാഹനങ്ങളിൽനിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവ മലിനീകരണത്തോത് വീണ്ടും ഉയർത്തുമെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 376 രേഖപ്പെടുത്തി. ശനിയാഴ്ച ഇത് 369 ആയിരുന്നു. നഗരത്തിനു മുകളിൽ കനത്ത പുകമഞ്ഞ് വ്യാപിച്ചതോടെ പലയിടങ്ങളിലും ദൃശ്യപരത ഗണ്യമായി കുറഞ്ഞു.വായു മലിനീകരണ നിരീക്ഷണത്തിനുള്ള 59 കേന്ദ്രങ്ങളിൽ 12 ഇടങ്ങളിൽ എക്യുഐ ഗുരുതര വിഭാഗത്തിലെത്തി. 22 കേന്ദ്രങ്ങളിൽ വളരെ മോശം നിലവാരമാണ് രേഖപ്പെടുത്തിയത്.
ജഹാംഗിർപുരിയിലാണ് ഏറ്റവും ഉയർന്ന മലിനീകരണത്തോത് കണ്ടെത്തിയത്. ഇവിടെ എക്യുഐ 463 ആയി ഉയർന്നു.
ദീപാവലി ആഘോഷങ്ങളെത്തുടർന്ന് മലിനീകരണം കൂടുതൽ രൂക്ഷമാകുമെന്നാണ് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റത്തിന്റെ (ഇഡബ്ല്യുഎസ്) വിലയിരുത്തൽ. ഇന്ന് മുതൽ തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ ഡൽഹിയിൽ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരാനും സാധ്യതയുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം എക്യുഐ 0–50 വരെ നല്ലത്, 51–100 തൃപ്തികരം, 101–200 മിതമായത്, 201–300 മോശം, 301–400 വളരെ മോശം, 401–500 ഗുരുതരം എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം തരംതിരിക്കുന്നത്. നിലവിലെ 376 എന്ന ശരാശരി 400 കടന്നാൽ ഡൽഹിയിലെ വായുമലിനീകരണം ഗുരുതര വിഭാഗത്തിലെത്തും.
