കൊച്ചി: കായിക കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്ബോള്‍ പോരാട്ടം ഇന്നു നടക്കും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ആവേശപ്പോരാട്ടം. കാണികള്‍ക്ക് വൈകീട്ട് 5.30 മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം. മത്സരം സി 5 ആപ്പിലും തത്സമയം കാണാനാകും.
മത്സരത്തിനായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങള്‍ തിങ്കളാഴ്ച എത്തി. റിവാള്‍ഡോ, എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങള്‍ ബ്രസീല്‍ ടീമില്‍ അണിനിരക്കും.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്. മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്‍സന്‍, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്ലി, മഹെറാജുദ്ദീന്‍ വാഡു, മെഹ്താബ് ഹുസൈന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്.
