‘പ്രിയദർശിനി’ 100 ദിവസം, 700 ബസുകൾ ഓട്ടം നിർത്തി… പ്രതിസന്ധി രൂക്ഷമെന്നു സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ 100 ദിവസം പിന്നിടുമ്പോൾ, സ്വകാര്യ ബസ് മേഖലയിൽ കടുത്ത പ്രതിസന്ധിയെന്ന് ബസുടമകൾ.

പദ്ധതി തങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആരോപണം. ഏകദേശം 700 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതായാണ് ബസുടമകൾ പറയുന്നത്. നിലവിൽ 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും ഇതിൽ പകുതിയിലധികവും പകുതി സർവീസ് മാത്രമാണ് നടത്തുന്നതെന്നും അവർ പറയുന്നു.

ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളികളിൽ പലരും ജോലിക്ക് എത്തുന്നില്ലെന്നും ഇതും സർവീസുകൾ മുടങ്ങാൻ കാരണമാകുന്നുണ്ടെന്നും ബസുടമകൾ ആരോപിക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമെന്നാണ് ബസുടമകളുടെ വാദം.

പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിയെ നാളെ നേരിൽ കാണാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ബസ് നിരക്ക് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നിർത്തിവച്ച് സമരം നടത്തേണ്ടി വരുമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രതിനിധി ഗോപിനാഥന്റെ മുന്നറിയിപ്പ്.

അതേസമയം, പത്മകുമാർ കമ്മിറ്റി നിർദേശങ്ങളിൽ തങ്ങൾക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും ബസുടമകൾ പരാതിപ്പെടുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ സാമൂഹിക നേട്ടങ്ങൾക്കൊപ്പം, സ്വകാര്യ ബസ് മേഖലയിലുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും സർക്കാർ പരിഗണിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!