എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല; കുടുംബത്തിന്റെ ഹർജി തള്ളി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജി തള്ളി. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. സിപിഐഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണാ കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റാനും ഉത്തരവായി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹർജി സമർപ്പിച്ചത്. കുറ്റപത്രത്തിലെ 13 പിഴവുകളാണ് ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന തരത്തിലൊരു മൊഴി കളക്ടർ നല്‍കിയതായി ലാന്‍ഡ് റെവന്യൂ ജോയിന്റ കമ്മീഷണർ എ. ഗീത തയ്യാറാക്കിയ റിപ്പോർട്ടിലില്ല. കളക്ടറുടെ മൊഴിയില്‍ ഒരുപാട് വൈരുധ്യങ്ങളുണ്ട്. പ്രശാന്തന്‍ എന്ന വ്യക്തിയില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, ഇക്കാര്യം അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നില്ല. ചില കാര്യങ്ങള്‍ പറയുകയും മറ്റ് ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നതാണ് എസ്‌ഐടിയുടെ കുറ്റപത്രമെന്നാണ് ഹർജിയില്‍ മഞ്ജുഷ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!