രാജഭരണകാലം മുതൽ നിലനിൽക്കുന്ന ക്ഷേത്രാചാരങ്ങൾക്ക് മാറ്റമല്ല, സംരക്ഷണമാണ് വേണ്ടത് :  അഖില തന്ത്രി പ്രചാരക് സഭ


തിരുവനന്തപുരം: ആര്യശാല ദേവീക്ഷേത്രത്തിലെ നവരാത്രി ആചാരം മുൻകാലങ്ങളിലെപ്പോലെ തുടരണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം. എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.

ആര്യശാല ദേവീക്ഷേത്രത്തിലെ നവരാത്രി ആചാരവുമായി ബന്ധപ്പെട്ട്  സംവാദം ഉയർന്നുവന്ന സാഹചര്യത്തിൽ അഖില തന്ത്രി പ്രചാരക് സഭയുടെ അടിയന്തര യോഗം ഇന്ന് ചേർന്നു. ദേശീയ ചെയർമാൻ എം. എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വെളിമലയിൽ നിന്ന് കൊണ്ടുവരുന്ന കുമാരസ്വാമി വിഗ്രഹം നവരാത്രി കാലത്ത് ഒൻപത് ദിവസവും ആര്യശാല ദേവീക്ഷേത്രത്തിലെ ദേവിയുടെ സന്നിധിയിൽ സ്ഥാപിച്ച് പൂജകൾ നടത്തിവരുന്ന ആചാരം തിരുവിതാംകൂർ രാജഭരണകാലം മുതൽ നിലനിന്നുവരുന്ന പാരമ്പര്യ ആചാരമാണെന്നാണ്  അത്തരം പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാ ണെന്നും യോഗം വിലയിരുത്തി.

ഇത് ഇന്നലെ തുടങ്ങിയ ഒരു ചടങ്ങല്ല. തലമുറകളായി ഭക്തജനങ്ങളുടെ വിശ്വാസത്തോടും ക്ഷേത്രപാരമ്പര്യ ത്തോടും ചേർന്ന് നടന്നുവരുന്ന ആചാരമാണ്. തിരുവിതാംകൂർ രാജഭരണകാലം മുതൽ ഈ ആചാരം നിലനിന്നിരുന്നുവെന്ന വസ്തുത ബന്ധപ്പെട്ട ചരിത്രരേഖകളും ദേവസ്വം രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തുകയും രേഖപ്പെടുത്തുകയും വേണം.

വെളിമല കുമാരസ്വാമി വിഗ്രഹം പതിവായി സ്ഥാപിച്ചുവരുന്ന സ്ഥാനത്ത് വയ്ക്കാൻ പാടില്ലെന്നും ക്ഷേത്രത്തിലെ മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്നുമുള്ള നിർദേശം ഉണ്ടായതായി അറിയുന്നു. കാലങ്ങളായി നിലനിൽക്കുന്ന ഇത്തരം ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് അതിന്റെ ചരിത്രപരമായ തുടർച്ച, താന്ത്രിക പാരമ്പര്യം, ക്ഷേത്രാചാരക്രമം, ദേവസ്വം രേഖകൾ, പാരമ്പര്യ തെളിവുകൾ എന്നിവ സമഗ്രമായി പരിശോധിക്കണം.

ക്ഷേത്രാചാരങ്ങൾ വ്യക്തികളുടെ ഇഷ്ടാനുസരണം മാറ്റാനുള്ള വിഷയമല്ല. ഒരു വ്യക്തിയുടെയോ ഒരു ജ്യോത്സ്യന്റെയോ അഭിപ്രായം മാത്രം അടിസ്ഥാനമാക്കി തലമുറകളായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളിൽ മാറ്റം വരുത്തുന്നത് ശരിയായ നടപടിയല്ല.

ഒരു ക്ഷേത്രത്തിലെ ഓരോ ആചാരത്തിനും അതിന്റേതായ താന്ത്രികവും ആചാരപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്. ആചാരങ്ങൾ കേവലം ചടങ്ങുകളല്ല; പൂർവികർ കൈമാറിയ വിശ്വാസത്തിന്റെയും ക്ഷേത്രത്തിന്റെ പൈതൃകത്തിന്റെയും ഭാഗമാണ്.

ആചാരം ഒരു തലമുറയുടെ മാത്രം അവകാശമല്ല; വരുംതലമുറകൾക്ക് കൈമാറേണ്ട പൈതൃകമാണ്. അതിനാൽ കാലങ്ങളായി വിശ്വാസപൂർവ്വം നടന്നുവരുന്ന ആചാരങ്ങളെ സംരക്ഷിക്കുക എന്നത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്തവും വരുംതലമുറകളോടുള്ള കടമയുമാണ്.

ദേവപ്രശ്നമോ മറ്റേതെങ്കിലും പരിശോധനയോ ചൂണ്ടിക്കാട്ടി നിലവിലുള്ള പാരമ്പര്യ ആചാരത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് അതിന്റെ ചരിത്രപരവും ആചാരപരവുമായ വശങ്ങൾ വിശദമായി പരിശോധിക്കണം. ആചാരപരമായ പരിശോധനകൾക്ക് അതിന്റേതായ സ്ഥാനമുണ്ടെങ്കിലും, അവയുടെ പേരിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു പാരമ്പര്യം ഏകപക്ഷീയമായി മാറ്റുന്ന സാഹചര്യം ഉണ്ടാകരുത്.

ആചാരം മാറ്റുക എളുപ്പമാണ്; എന്നാൽ നഷ്ടപ്പെട്ട പാരമ്പര്യം അതേ രൂപത്തിൽ തിരിച്ചുകൊണ്ടുവരിക പ്രയാസമാണ്. അതുകൊണ്ടുതന്നെ ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുമ്പോൾ അതീവ ജാഗ്രതയും ഉത്തരവാദിത്തബോധവും ആവശ്യമാണ്.

ഇന്ന് ഒരു ക്ഷേത്രത്തിലെ പാരമ്പര്യ ആചാരം അവഗണിക്കപ്പെട്ടാൽ നാളെ മറ്റു ക്ഷേത്രങ്ങളിലെ ആചാരങ്ങളും സമാനമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകാം. അതിനാൽ ഹൈന്ദവ ക്ഷേത്രങ്ങളുടെ പാരമ്പര്യ ആചാരങ്ങൾക്ക് അർഹമായ മൂല്യവും മാന്യതയും സംരക്ഷണവും നൽകണമെന്നും  അഖില തന്ത്രി പ്രചാരക് സഭ  ആവശ്യപ്പെട്ടു.

ആചാരങ്ങൾക്ക് മൂല്യം കൽപ്പിക്കണം. പാരമ്പര്യങ്ങൾക്ക് മാന്യത നൽകണം. ക്ഷേത്രധർമ്മത്തിന്റെ ഭാഗമായ ആചാരങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾക്കും ഏകപക്ഷീയമായ തീരുമാനങ്ങൾക്കും വിധേയമാകരുതെന്നും
അഖില തന്ത്രി പ്രചാരക് സഭ ആവശ്യപ്പെട്ടു.

ദേശീയ ജനറൽ സെക്രട്ടറി,എൻ. വിഷ്ണു നമ്പൂതിരി ദേശീയ വൈസ് ചെയർമാൻ,ബ്രിജേഷ് കെ.എസ് ,  ദേശീയ ട്രഷറർ,എസ്. ഇ. ശങ്കരൻ നമ്പൂതിരി, ദേശീയ സെക്രട്ടറി രാജേഷ്. കെ , ചദേശീയ ഓർഗനൈസിങ് സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!