മക്ക : വിശുദ്ധ മക്ക നഗരത്തെ ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചെന്ന് സൗദി അറേബ്യ. സൗദി റോയൽ വ്യോമ പ്രതിരോധ സേന ഡ്രോൺ തടഞ്ഞ് തകർത്തതായി സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് അറിയിച്ചു.
മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ തകർത്തതെന്നാണ് സൗദിയുടെ വിശദീകരണം.
സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെയാണ് മക്ക നഗരത്തിന്റെ തെക്കൻ മേഖലയിൽ ഡ്രോൺ കണ്ടെത്തിയതും പ്രതിരോധസേന നടപടി സ്വീകരിച്ചതും. സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും അൽ-മാലികി പറഞ്ഞു. 2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിട്ട് ആക്രമണശ്രമം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ മക്കയെയും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ മതവികാരങ്ങളെയും ലക്ഷ്യമിടുന്ന നടപടിയാണിതെന്ന് അൽ-മാലികി ആരോപിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൂതി മിലിഷ്യയുടെ ഇത്തരം ആക്രമണശ്രമങ്ങൾക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സഖ്യസേന മടിക്കില്ലെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.
അതേസമയം, സൗദിയുടെ ആരോപണം ഹൂതികൾ നിഷേധിച്ചു. മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അറിയിച്ചു.
സൗദിയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് യുഎസ്
ഹൂതികളുടെ ആക്രമണശ്രമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സൗദി അറേബ്യയിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതരും നിർദേശം നൽകിയിട്ടുണ്ട്.
