മലയാള സിനിമ ചരിത്രത്തിലെ റെക്കോർഡുകൾ തിരുത്തി ബെത്‍ലഹേം
കുടുംബ യൂണിറ്റ്.
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമയെന്ന നേട്ടം ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട് ഈ ചിത്രം. ആഗോള ഗ്രോസിലും ആ നേട്ടം ഈ വാരാന്ത്യത്തില്‍ത്തന്നെ ചിത്രം നേടാന്‍ സാധ്യതയുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ തിയറ്റര്‍ റണ്ണിലെ മറ്റൊരു നേട്ടം സംബന്ധിച്ച കണക്കും പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റ ടിക്കറ്റുകളുടെ ഞെട്ടിക്കുന്ന കണക്കാണ് അത്.
തങ്ങളിലൂടെ 55 ലക്ഷം ടിക്കറ്റുകളാണ് ബെത്‍ലഹേമിന്‍റേതായി വിറ്റിരിക്കുന്നതെന്ന് ബുക്ക് മൈ ഷോ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച് ബുക്ക് മൈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് എത്തിയിരിക്കുന്നത്.
ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകള്‍ ചിത്രത്തിന്‍റേതായി വിറ്റു പോകുന്നുണ്ട്.
ഇത് ബുക്ക് മൈ ഷോയില്‍ ഒരു മലയാള സിനിമയുടെ റെക്കോര്‍ഡ് ആണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും ഈ വാരാന്ത്യത്തില്‍ മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്.
അടുത്ത വാരത്തിലും ചിത്രം കാര്യമായ ഇടിവില്ലാതെ തിയറ്ററുകളില്‍ തുടരും എന്നതിന്‍റെ സൂചനയാണ് ഇതെല്ലാം. ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഇപ്പോഴും ട്രാക്കര്‍മാര്‍ക്ക് പ്രവചിക്കാനാവാത്ത നിലയുണ്ട്.
