ആലപ്പുഴ : കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം പെരുമ്പളത്ത് പൂർത്തിയാകുന്നു . അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു .
കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.
രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്.
പാലം നിര്‍മ്മാണത്തിന് വേണ്ടിവരുന്ന ഭീമമായ തുകയേക്കാള്‍ ദ്വീപ് ജനത മറുകരയിലെത്താൻ വർഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് മുൻതൂക്കം നൽകി സംസ്ഥാനസര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയുമായിരുന്നു.