തിരുവനന്തപുരം : മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
അഭിജിത്തിന്റെ മാതൃസഹോദരി വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയിലായിരുന്ന ക്രിസ്റ്റിയെ വാതിൽ തട്ടിവിളിച്ചപ്പോൾ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിനെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. തന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും തുടർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായും ക്രിസ്റ്റി പൊലീസിന് മൊഴി നൽകിയതായാണ് സൂചന.
മെഡിക്കൽ റെപ്രസന്റേറ്റീവാണ് അഭിജിത്ത്. രണ്ടുവർഷം മുമ്പാണ് കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയെ അഭിജിത്ത് വിവാഹം കഴിച്ചത്. മാസങ്ങൾക്കുമുമ്പാണ് ഇവാനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്
മലയൻകീഴിൽ അമ്മ ഒന്നര വയസ്സുകാരി മകളെ കഴുത്തറുത്തു കൊന്നു…
