ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല; പ്രചാരണം തെറ്റെന്ന് ഔദ്യോഗിക വിശദീകരണം, വൻ ദൗത്യങ്ങളുമായി മുന്നോട്ട്

ഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സം ഘടന. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും, സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

വലിയതും സങ്കീർണവുമായ ബഹിരാകാശ ദൗത്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ബഹിരാകാശ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾക്കൊപ്പം ഐഎസ്ആർഒയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ തുടരുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

സർക്കാർ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുന്നതിനായി ഇൻ-സ്പേസ് പ്രവർത്തിക്കും. ഐഎസ്ആർഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണ ചുമതല ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനായിരിക്കും. പുതിയ ബഹിരാകാശ നയം രാജ്യത്തെ ബഹിരാകാശ വിപണി കൂടുതൽ വികസിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതടക്കമുള്ള വലിയ ലക്ഷ്യങ്ങളിലേക്കാണ് ഐഎസ്ആർഒ മുന്നേറുന്നത്. ചാന്ദ്ര ദൗത്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക പദ്ധതികളിലും സംഘടന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യൻ ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൂടുതൽ ആകർഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നയവുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തയച്ചിരുന്നു.

ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുതുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ സംഘടനകൾ ഇത്ര ശക്തമായി വിഷയത്തിൽ ഇടപെടുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തം അനുവദിക്കാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി തന്നെ തുടരണം എന്ന നിലപാടാണ് സംഘടനകൾ കത്തിൽ മുന്നോട്ടുവച്ചത്. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണ പ്രചാരണങ്ങൾ തള്ളിക്കൊണ്ടുള്ള ഐഎസ്ആർഒയുടെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!