75 ന്റെ നിറവിൽ മമ്മൂട്ടി; മലയാളത്തിന്റെ മഹാനടന് ആരാധകർക്കൊപ്പം ഭാരത് വിഷൻ ന്യൂസിന്റെ പിറന്നാൾ ആശംസകൾ…

കാലം മാറി, തലമുറകൾ മാറി, സിനിമയുടെ രീതികൾ മാറി. പക്ഷേ മലയാളിയുടെ മനസ്സിലെ മമ്മൂട്ടി എന്ന താരപ്രഭയ്ക്ക് മാത്രം മാറ്റമില്ല. അഭിനയത്തിലും താരപരിവേഷത്തിലും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് അഞ്ച് പതിറ്റാണ്ടിലേറെ പിന്നിട്ട മഹാനടന് ഇന്ന് 75-ാം പിറന്നാൾ.

1951 സെപ്റ്റംബർ ഏഴിന് വൈക്കത്തെ ചെമ്പിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച പി.ഐ. മുഹമ്മദ് കുട്ടി മലയാള സിനിമയ്ക്ക് ലഭിച്ച അപൂർവ പ്രതിഭകളിലൊരാളായി വളർന്നത് സിനിമയിലൂടെയായിരുന്നു. 1971-ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മുഹമ്മദ് കുട്ടി പിന്നീട് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയായി.

നായകസങ്കൽപ്പങ്ങൾക്ക് പുതിയ രൂപം നൽകിയ താരമായിരുന്നു മമ്മൂട്ടി. പൗരുഷവും ഗാംഭീര്യവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയപ്പോഴും, അഭിനയത്തിന്റെ സൂക്ഷ്മതകൾ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ ഏറ്റെടുത്ത് നടനെന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തി. വാണിജ്യ സിനിമയ്ക്കൊപ്പം സമാന്തര സിനിമയിലും ഒരുപോലെ തിളങ്ങിയതാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രഡ് ഹാർട്ട് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. പിന്നീട് മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് സിനിമയിലേക്കുള്ള യാത്ര കൂടുതൽ സജീവമാകുന്നത്.

425-ലേറെ സിനിമകൾ, നിരവധി പുരസ്‌കാരങ്ങൾ, എണ്ണമറ്റ കഥാപാത്രങ്ങൾ — മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ വലുപ്പം കണക്കുകളിലൊതുങ്ങുന്നതല്ല. നാല് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, പ്രത്യേക പരാമർശം എന്നീ വിഭാഗങ്ങളിലായി ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി.

1998-ൽ പത്മശ്രീ ലഭിച്ച മമ്മൂട്ടിക്ക് 75-ാം പിറന്നാൾ വർഷത്തിൽ പത്മഭൂഷൺ ലഭിച്ചതും കരിയറിലെ മറ്റൊരു പ്രധാന അംഗീകാരമായി. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള പ്രഭ പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.

55 വർഷം പിന്നിട്ടിട്ടും വിശ്രമമില്ലാത്ത സിനിമായാത്ര. 2026-ലും മമ്മൂട്ടി സജീവമാണ്. യുവതാരങ്ങൾ അണിനിരന്ന ചത്താ പച്ചയിൽ അതിഥി വേഷത്തിലെത്തിയ അദ്ദേഹം മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ് എന്ന ചിത്രത്തിലൂടെയും ശ്രദ്ധ നേടി.

ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടിയുടെ വ്യത്യസ്ത മുഖങ്ങൾ കാണാനാകും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ ഉൾപ്പെടെ നിരവധി മലയാള, അന്യഭാഷാ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലോ ആൻഡ് ഓർഡറിൽ ബ്ലാക്ക് സിനിമയിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നത്.

താരങ്ങൾ പലരും വരും, പോകും. പക്ഷേ ചിലർ കാലത്തിന്റെ ഭാഗമാകും. മലയാളിക്ക് മമ്മൂട്ടി അത്തരമൊരു പേരാണ്. 75-ാം വയസ്സിലും പുതുതലമുറയെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മഹാനടന് പിറന്നാൾ ആശംസകളുമായി ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!