ബെംഗളൂരു : ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം തുടങ്ങി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 15528 നമ്പർ തടവുകാരനായ ഇദ്ദേഹത്തെ കുറ്റവാളികളെ പാർപ്പിക്കുന്ന ബാരക്കിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
33 വയസുകാരനായ മുൻ എംപി മൈസുരുവിലെ വീട്ടിലെ ഗാർഹിക തൊഴിലാളിയായിരുന്ന 47കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് ശിക്ഷിച്ചത്. 11 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
ജയിലിൽ വെള്ള നിറത്തിലുള്ള യൂണിഫോമാണ് പ്രജ്ജ്വൽ രേവണ്ണ ധരിക്കേണ്ടത്. ദിവസവും എട്ട് മണിക്കൂർ നിർബന്ധമായി ചെയ്യേണ്ട ജോലികളുമുണ്ട്. മറ്റേത് തടവുപുള്ളിക്കും ലഭിക്കുന്ന പരിഗണന മാത്രമേ പ്രജ്ജ്വൽ രേവണ്ണയ്ക്കും ലഭിക്കൂവെന്നാണ് ജയിലധികൃതർ പറയുന്നത്.
ജയിലിൽ അടുക്കള, ഗാർഡനിങ്, തൊഴുത്ത്, പച്ചക്കറി കൃഷി, ആശാരിപ്പണി, കരകൗശല വസ്തു നിർമ്മാണം തുടങ്ങി ഏതെങ്കിലും ഒരെണ്ണം പ്രജ്ജ്വൽ രേവണ്ണ തെരഞ്ഞെടുക്കേണ്ടതുണ്ട്. ദിവസം എട്ട് മണിക്കൂർ വീതം ജോലി ചെയ്യുന്നതിന് മാസം 524 രൂപയാണ് ഇയാൾക്ക് ശമ്പളം ലഭിക്കുക. ചെയ്യുന്ന ജോലിയിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിന് അനുസരിച്ച് വേതനത്തിൽ വർധനവുണ്ടാകും.
