ലഹരിക്കെതിരെ ‘തൂഫാൻ’ ഇനി ജനങ്ങളിലേക്ക് … രണ്ടാം ഘട്ടം…

കോഴിക്കോട്: ലഹരിക്കെതിരായ ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം തന്നെ രണ്ടാം ഘട്ടത്തിനും തുടക്കമാകും. ജനങ്ങളെ മുൻനിർത്തിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കായിരിക്കും രണ്ടാം ഘട്ടത്തിൽ പ്രധാന പരിഗണന. കുടുംബശ്രീ, ഹരിതകർമസേന തുടങ്ങിയ സംവിധാനങ്ങളെയും ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമാക്കും. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം ‘തൂഫാൻ’ പതാക ഉയർത്തും. സെപ്റ്റംബർ 28നാണ് രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ ‘തൂഫാൻ സമിതികൾ’ രൂപീകരിക്കും. തൂഫാൻ ഗ്രാമസഭകൾ ചേരുകയും ഓരോ പ്രദേശത്തെയും തൂഫാൻ വാരിയേഴ്സിനെ കണ്ടെത്തുകയും ചെയ്യും. ഗ്രാമങ്ങളെ ഒന്നിച്ച് നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വാർഡുകളിൽ ബീറ്റ് പൊലീസുകാരെ നിയമിക്കുകയും ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി ജനങ്ങളിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടുന്നവർക്കുള്ള ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ആശുപത്രികളിൽ ‘തൂഫാൻ കെയർ’ ആരംഭിക്കും. ഡീ-അഡിക്ഷൻ സെന്ററുകൾക്ക് പഞ്ചായത്ത് തലത്തിൽ ലൈസൻസ് നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മയക്കുമരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിമാഫിയ ശക്തമാണെന്നും പൊലീസിനെതിരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനകം 10,070 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,883 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. 23.4 കിലോ എംഡിഎംഎ, 1,214.354 കിലോ കഞ്ചാവ്, 6,215 കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. കാസർകോട് എംഡിഎംഎ കേസ് അന്വേഷിച്ച പൊലീസിനെ മന്ത്രി അഭിനന്ദിച്ചു. ചന്തേര പൊലീസ് പ്രതികളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോൺ നിലവിൽ കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഗാന സ്വദേശിയും ഗുജറാത്ത് സ്വദേശിയും ഉൾപ്പെടെ കൂടുതൽ പേർ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും ഇത് വലിയ കേസാണെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റകൃത്യവുമായി ബന്ധമുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഫോട്ടോ എടുക്കുകയോ പരിചയപ്പെടുകയോ ചെയ്തുവെന്നത് മാത്രം കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണമാകില്ലെന്നും കുറ്റകൃത്യത്തിൽ ബന്ധമുള്ളവർ ആരായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ പുതിയ പദ്ധതി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിയും ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മെസി’ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) ആദ്യ യോഗം ചേർന്നതായും അംഗങ്ങൾ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, രമ്യ ഹരിദാസ് വിഷയത്തെക്കുറിച്ച് തനിക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മിറ്റി യോഗം ചേർന്നതായും റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!