തൃശൂർ: ‘എൻ തങ്ക മകനേ…’ എന്ന നിലവിളികളാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരം കണ്ണീരിലായി. ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം തുടങ്ങിയ മക്കൾ ഇനി തങ്ങൾക്കൊപ്പമില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ മനസ്സുതകർന്നിരിക്കുകയാണ് അമ്മമാർ. അപകടത്തിൽ മരിച്ചവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. രാവിലെ തന്നെ കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.
വിനോദയാത്രയ്ക്കായാണ് എട്ട് പേർ കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കൾ കാറിലിരുന്ന് പാട്ടും ഡാൻസും ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സന്തോഷത്തോടെ യാത്ര ചെയ്തിരുന്ന യുവാക്കളുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകുന്ന ദൃശ്യങ്ങൾ നെഞ്ചുലയ്ക്കുന്നതാണ്. ദേശീയപാത 66ൽ പനമ്പിക്കുന്നിൽ വെള്ളിയാഴ്ച രാത്രി 11.42നാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എട്ട് യുവാക്കൾ മരിച്ചു. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗൽ), ജീവ എന്നിവരാണ് മരിച്ചത്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ അപകടത്തിന്റെ വ്യക്തമായ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പഠനം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ലോറി നിർത്തിയിട്ടിരുന്ന ട്രാക്ക് പൂർണമായി തുറന്നിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വാഹനത്തിന്റെ സാങ്കേതിക പരിശോധന ഉൾപ്പെടെയുള്ള നടപടികളും തുടരും. അതേസമയം, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങൾ.
