കൊച്ചി: ഒരു കഥാപാത്രം പ്രേക്ഷകരുടെ മനസിൽ പതിയുമ്പോൾ അതിന് പിന്നിലെ ശബ്ദത്തിനും നിർണായക പങ്കുണ്ട്. എന്നാൽ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സംഭാവന പലപ്പോഴും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്ന പരാതി സിനിമാരംഗത്ത് കാലങ്ങളായി ഉയരുന്നുണ്ട്. ഇപ്പോഴിതാ നടി ഉർവശിയുടെ ഒരു അഭിമുഖത്തിലെ പരാമർശത്തെ വിമർശിച്ച് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരി ക്കുകയാണ്.
പുതിയ ചിത്രം ‘ആശ’യുടെ പ്രമോഷന്റെ ഭാഗമായി ഉർവശി നൽകിയ അഭിമുഖത്തിൽ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് അവതാരക നടത്തിയ പരാമർശമാണ് ചർച്ചയായത്. ഉർവശിയുടെ സിനിമകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ അവതാരക ഡബ്ബിങ് ആർട്ടിസ്റ്റിനെക്കുറിച്ചും പരാമർശിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ ഉർവശി മറ്റ് കാര്യങ്ങളിലേക്ക് കടന്നുവെന്നാണ് ഭാഗ്യലക്ഷ്‌മിയുടെ വിമർശനം.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ :
“ഈ സിനിമയിലൊന്നും ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പാവം അല്ലേ… പേര് പറയരുത്. വിഷയം ഡൈവേർട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം. ഇവിടെയാണ് മോഹൻലാലിന്റെ വിസ്മയയെ ഞാൻ റെസ്പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവർ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും”.
