തിരുവനന്തപുരം : പട്ടിക നൽകിയാൽ ബോർഡ്- കോർപ്പറേഷൻ നിയമനങ്ങൾ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോർപ്പറേഷൻ നിയമനത്തിന് മാർഗ്ഗരേഖ തയ്യാറാക്കാനാണ് കെപിസിസിയുടെ തീരുമാനം. മാർഗരേഖ തയ്യാറാക്കാൻ പ്രത്യേക സമിതിയെ ഉടൻ നിശ്ചയിക്കും. പരമാവധി വേഗത്തിൽ ബോർഡ് കോർപ്പറേഷൻ നിയമനം നടത്താനാണ് തീരുമാനം.
ബോർഡ്- കോർപ്പറേഷൻ നിയമനങ്ങൾ ഇഴയുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലും കോൺഗ്രസിലും അതൃപ്തിയും രൂക്ഷമായിരുന്നു. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ സഹായിച്ച ശക്തികൾക്ക് വേണ്ടി സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുൻമന്ത്രി പി രാജീവ് ആരോപിച്ചിരുന്നു. ആ ലിസ്റ്റ് ലഭിക്കാത്തതാണ് നിയമനം വൈകാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ആളില്ലാത്തത് വെൽഫെയർ ബോർഡുകൾ ഉൾപ്പെടെയുള്ളവയുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. വിഷയത്തിൽ യുഡിഎഫിലെ അനൈക്യവും തമ്മിലടിയുമാണ് പുറത്തുവരുന്നതെന്നും പി രാജീവ് പറഞ്ഞിരുന്നു.
