എംഎൽഎ യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് സ്ഥാനചലനം ; സർക്കാർ ഉത്തരവ് വിവാദമാകുന്നു

തിരുവനന്തപുരം : എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് വിവാദമാകുന്നു.

ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന സാധാരണ രീതിക്ക് വിരുദ്ധമായി ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ വി.യെ അടിയന്തരമായി സ്ഥലംമാറ്റിയ ഉത്തരവിലാണ് ഈ അസാധാരണ പരാമർശമുള്ളത്. ആലപ്പുഴ എം.എൽ.എ. എ.ഡി. തോമസ് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നൽകിയ കത്താണ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് ആധാരമായി സർക്കാർ ഉത്തരവിൽ നേരിട്ട് രേഖപ്പെടുത്തിയി രിക്കുന്നത്.

സെപ്റ്റംബർ ഒന്നിന് എം.എൽ.എ. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഡോ. പ്രശാന്തനെ അടിയന്തര പ്രാബല്യത്തോടെ തിരുവനന്തപുരം മത്സ്യഫെഡ് ഹെഡ് ഓഫീസിലേക്ക് മാനേജർ (കൊമേഴ്സ്യൽ) തസ്തികയിൽ ഒരു വർഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ചതായി ഉത്തരവിൽ പറയുന്നു.

ഇതിനു പുറമെ, ഭരണസൗകര്യാർത്ഥം കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജോയസ് എബ്രഹാമിനെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായും കോട്ടയം മത്സ്യഫെഡ് ജില്ലാ മാനേജർ ശ്രീകുമാർ പി.യെ കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രത്യേക ഫിഷറീസ് സെക്രട്ടറി അബ്ദുൾ നാസർ ബി. ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവുകളിൽ ‘ഭരണസൗകര്യാർഥം’ എന്ന് ചേർക്കുന്ന പതിവ് രീതി ഒഴിവാക്കി എം.എൽ.എ.യുടെ കത്തിന്റെ കാര്യം നേരിട്ട് പരാമർശിച്ചത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളുടെ നിർദ്ദേശങ്ങൾ ക്ക് വഴങ്ങിയില്ലെങ്കിൽ കത്ത് നൽകി സ്ഥലംമാറ്റിക്കുമെന്ന ഭയം ഉദ്യോഗസ്ഥരിൽ വളർത്താനാണ് സർക്കാർ ശ്രമമെന്ന് ഇവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!