കോട്ടയത്ത് ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം : കോട്ടയത്ത് ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിൽ കോട്ടയം മുൻ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. അശോക് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. 55,000രൂപ ബാറുടമകളിൽ നിന്നും വാങ്ങിയെന്ന് കണ്ടെത്തൽ.

കൂടാതെ കൈക്കൂലി തരപ്പെടുത്തുന്നതിന് ഇടനിലക്കാരായി നിന്നവരെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. ചങ്ങനാശേരി റേഞ്ചിൽ സമയപരിധി കടന്നും ബാറുകൾ പ്രവർത്തിക്കുന്നു വെന്നും പണവും മദ്യവും മറ്റ് ഉപഹാരങ്ങളും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ വന്നപ്പോൾ ചില ബാറുടമകൾ തന്നെയാണ് പരാതി നൽകിയത്.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നേരിട്ടും ഏജന്റുമാർ മുഖേനയും ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയതായി എക്സൈസ് കമ്മീഷണർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. പണം നൽകിയതിന്റെ വിവരങ്ങളടങ്ങിയ ഡയറിയും ഡിജിറ്റൽ തെളിവുകളും ബാറുടമകളിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ സസ്പെൻഷനിലാണ് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!