ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നത്. 39കാരനായ ഇതിഹാസ നായകൻ ലാ ആൽബിസെലസ്റ്റെയെ ചരിത്ര വിജയങ്ങളുടെ തിളക്കമുള്ള കാലത്തിലേക്ക് നയിച്ച ശേഷമാണ് അന്താരാഷ്ട്ര ഫുട്ബോളിന്റെ പടിയിറങ്ങുന്നത്.
കുറിപ്പ്
‘ലോകകപ്പിനു ശേഷമുള്ള ഈ ദിവസങ്ങളിലെല്ലാം ഞാൻ ഒട്ടേറെ ചിന്തിച്ചു. ഞാൻ ദേശീയ ടീമിൽ നിന്നു വിരമിക്കുകയാണെന്നു എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു. ഉള്ളിൽ ഇപ്പോഴും വല്ലാത്ത വേദന നൽകുന്ന തീരുമാനമാണെങ്കിലും ഇതുതന്നെയാണ് കൃത്യമായ സമയമെന്നു ഞാൻ മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നമ്മൾ എല്ലാ നേടിയപ്പോൾ മാത്രമല്ല, അതിനു മുൻപും ഞാൻ എന്റെ സർവസ്വവും ടീമിനായി നൽകിയിട്ടുണ്ട്.
ഈ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിക്കു വേണ്ടി പൊരുതി, പരമാവധി നൽകി. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം തരാനും ഒരു അർജന്റീനക്കാരനായതിൽ അഭിമാനബോധം ഉണ്ടാക്കാനും എനിക്കു കഴിഞ്ഞു. അധികം സമയമില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരോ അധ്യായങ്ങളും അവസാനിക്കും. എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. എക്കാലവും അതുതന്നെയാണ് ആഗ്രഹവും. എന്റെ കൈവശമുള്ളതെല്ലാം ഞാൻ നൽകി. ഇനി നൽകാൻ ബാക്കിയൊന്നുമില്ല. മാത്രമല്ല ഇവിടെ അർഹതയുള്ള മികച്ച ഒട്ടേറ യുവ താരങ്ങൾ കടന്നു വരുന്നുമുണ്ട്.
ഈ 20 വർഷത്തിനിടെ എനിക്ക് നൽകിയ എല്ലാ സ്നേഹനത്തിനും നന്ദി. ഉള്ളിൽ നിന്നു നിങ്ങളുടെ ആരവങ്ങൾ കേൾക്കുന്നത് ഞാൻ മിസ് ചെയ്യും. ഇനി മുതൽ നല്ല സമയത്തും മോശം സമയത്തും നിങ്ങളിൽ ഒരാളായി അർജന്റീന ടീമിനെ ഞാൻ പിന്തുണയ്ക്കും. ഈ മനോഹരവും എന്നാൽ ദുഷ്കരവുമായ യാത്രയിൽ എപ്പോഴും ഒപ്പമുണ്ടായിരുന്ന കുടുംബത്തിനു നന്ദി. ഒപ്പം നിൽക്കാൻ അവസരം തന്ന പരിശീലകർക്കും സഹ താരങ്ങൾക്കും നന്ദി. മായാത്ത ഒർമകളും നിമിഷങ്ങളുമായാണ് ഞാൻ മടങ്ങുന്നത്. എനിക്കൊപ്പം കളിച്ചവരേ… ഒരുകാലത്ത് നമ്മൾ സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞെന്ന അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം ഇതെല്ലാം അനുഭവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു!
എന്നെ ഒരു അർജന്റീനക്കാരനാക്കിയതിനു ദൈവത്തിനു നന്ദി. വാമോസ് അർജന്റീന! ഫൈനൽ കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ജൂലൈ 21നാണ് ഞാൻ ഈ വരികൾ എഴുതിയത്. എന്റെ അപ്പയുടെ വിയോഗം ഈ തീരുമാനത്തിൽ എനിക്ക് കൂടുതൽ ഉറപ്പു നൽകിയിരിക്കുന്നു ഇപ്പോൾ’-ഏറെ വൈകാരികമായി മെസി കുറിച്ചു.
