റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ മലബാർ  മേഖല സന്ദർശിച്ച് റബ്ബർ ബോർഡ് ചെയർമാൻ  എൻ. ഹരി

കോഴിക്കോട് : റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമായി റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി മലബാർ മേഖലയിലുള്ള  ഓഫീസുകൾ  സന്ദർശിച്ചു.

കോഴിക്കോട് റീജനൽ ഓഫീസ് സന്ദർശിച്ച ചെയർമാൻ ഉദ്യോഗസ്ഥരുമായും റബ്ബർ കർഷകരുമായും ആശയവിനിമയം നടത്തി. തുടർന്ന് തളിപ്പറമ്പ്, കാഞ്ഞങ്ങാട് റീജനൽ ഓഫീസുകളിലും അദ്ദേഹം സന്ദർശനം നടത്തി.

ഓരോ മേഖലയിലെയും റബ്ബർ കർഷകരും റബ്ബർ ഉൽപാദക സംഘങ്ങളും നേരിടുന്ന പ്രശ്നങ്ങൾ  വ്യത്യസ്തമാണെന്ന്  ചെയർമാൻ പറഞ്ഞു. ഈ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനാണ് മേഖലാ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഓരോ മേഖലയിലെയും റബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരിട്ടു മനസ്സിലാക്കാൻ സന്ദർശനം വഴി കഴിഞ്ഞു.

നാളെ മംഗലാപുരം ഉൾപ്പെടുന്ന ദക്ഷിണ കന്നടയുടെ വിവിധ പ്രദേശങ്ങൾ റബർ ബോർഡ് ചെയർമാൻ സന്ദർശിക്കും. കർഷകരും കർഷക പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്യും.

കർഷകരും റബർ ഉൽപാദക സംഘങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതിലൂടെ ഓരോ മേഖലയുടെയും പ്രത്യേക ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും മനസ്സിലാക്കുകയാണ് റബ്ബർ ബോർഡ് ആത്യന്തികമായി ലക്ഷ്യമിടുന്നത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പ്രായോഗികവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കുന്നതിനുള്ള തുടർ നടപടികൾ  സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും കൈമാറുമെന്ന് എൻ. ഹരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!