ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് അമേരിക്കയുടെ മിസൈലാക്രമണം; കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ അമേരിക്കൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു. വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. സംഭവത്തിൽ 50-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലെ ഒരു വീടിന് നേരെയായിരുന്നു മിസൈൽ പതിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലയാണ് സിറിക്. ആക്രമണത്തിൽ കൃത്യമായി ഏത് ലക്ഷ്യമാണ് യുഎസ് സേന ഉന്നമിട്ടതെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. ആക്രമണത്തിന് യുഎസിന് ഖേദിക്കേണ്ടിവരുമെന്ന് ഐ.ആർ.ജി.സി. മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ യുഎസ് ആക്രമണമാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതിനും ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിന് നേരെ മിസൈൽ ആക്രമണം നടത്തിയതിനുമുള്ള തിരിച്ചടിയായാണ് യുഎസ് നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വിക്ഷേപിച്ച മിസൈലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയത്. തുടർന്ന് ഇറാനും വിവിധ മേഖലകളിൽ പ്രത്യാക്രമണം ശക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!