‘കാന്തപുരത്തിന്റെ നിലപാടിനെ നേരിട്ട് വിമർശിക്കാനുള്ള ആർജവമില്ല; ആർ.എസ്.എസിനെക്കുറിച്ച് പറയുന്നതിന് മുൻപ് ചരിത്രം മനസിലാക്കണം’; പി.കെ. ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെ തിരായ കാന്തപുരത്തിന്റെ പരാമർശത്തിൽ പി.കെ. ശ്രീമതി നടത്തിയ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രൻ. ആർ.എസ്.എസ് സ്ത്രീകളെ കാണാൻ ശ്രമിക്കുന്ന രീതിക്ക് സമാനമാണ് കാന്തപുരത്തിന്റെ നിലപാടെന്ന ശ്രീമതിയുടെ വിമർശനത്തെയാണ് ശോഭ സുരേന്ദ്രൻ ചോദ്യം ചെയ്തത്.

ആർ.എസ്.എസിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം സംഘടനയുടെ ചരിത്രവും നിലപാടുകളും മനസിലാക്കുന്നത് നല്ലതാണെന്ന് ശോഭസുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 1936ൽ സ്ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചതിലൂടെ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും ആർ.എസ്.എസ് പ്രാധാന്യം നൽകിയിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

സ്ത്രീകളെ വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കുകയെന്നതല്ല ആർ.എസ്.എസിന്റെ നിലപാടെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു സ്ത്രീ എത്തിയതും ബി.ജെ.പിയുടെ
വിവിധ തലങ്ങളിൽ നിരവധി വനിത നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നതും ഇതിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാട്ടി.

കാന്തപുരത്തിന്റെ നിലപാടിനെ നേരിട്ട് വിമർശിക്കാനുള്ള ആർജവമില്ലാത്തതിനാ ലാണ് ശ്രീമതി ടീച്ചർ ആർ.എസ്.എസിനെ പരാമർശിച്ച് വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ പരാമർശമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!