മാസ്ക് ധരിച്ചെത്തിയ വിഐപി ദേവസ്വം മന്ത്രി… വിഐപി ദർശനത്തിന് 4,000 രൂപ ചോദിച്ച പൂജാരിക്ക് സസ്പെൻഷൻ

ചെന്നൈ : തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദേവസ്വം മന്ത്രിയോട് തന്നെ കൈക്കൂലി ആവശ്യപ്പെട്ട ക്ഷേത്രപൂജാരിക്ക് ഒടുവിൽ സസ്പെൻഷൻ.

തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് വിഐപി ദർശനത്തിനായി 4,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിച്ച പൂജാരി അയ്യപ്പൻ അയ്യരെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. മന്ത്രിയാണെന്ന് അറിയാതെയായിരുന്നു പൂജാരിയുടെ ഈ പണപ്പിരിവ് നീക്കം.

31 കാരനായ യുവമന്ത്രി എസ്. രമേശ് മുഖത്ത് മാസ്ക് ധരിച്ചാണ് സാധാരണക്കാരനായി ക്ഷേത്രത്തിൽ എത്തിയത്. തിരക്ക് ഒഴിവാക്കി പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി പൂജാരി മന്ത്രിയോട് 4,000 രൂപ ആവശ്യപ്പെടുക യായിരുന്നു.

ഈ സമയം തന്റെ കൈവശം പണമില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, പണം ഓൺലൈനായി ‘ഗൂഗിൾ പേ’ ചെയ്താൽ മതിയെന്നായിരുന്നു പൂജാരിയുടെ നിർദ്ദേശം. ദർശനത്തിന് ശേഷം മന്ത്രി ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അവിടെയുണ്ടായിരുന്ന മറ്റുള്ളവർ മന്ത്രിയെ തിരിച്ചറിഞ്ഞത്. ഇതോടെ തങ്ങൾക്ക് പറ്റിയ അമളി മനസ്സിലാക്കിയ പൂജാരിമാർ മന്ത്രിയുടെ കാലുപിടിക്കുകയും മാപ്പപേക്ഷ എഴുതി നൽകുകയുമായിരുന്നു.

ക്ഷേത്രങ്ങളിൽ ഒരു തരത്തിലുള്ള കൈക്കൂലിയും അഴിമതിയും അനുവദിക്കില്ലെന്ന് മന്ത്രി പൂജാരിമാർക്ക് കർശന താക്കീത് നൽകി. എന്നാൽ, മന്ത്രി പൂജാരിക്ക് മാപ്പ് നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. പൂജാരിമാർ അഴിമതി കാണിച്ചാൽ ഇവിടെ ശിക്ഷയൊന്നുമില്ലേ എന്ന് ചോദിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.

ഇതോടെ മന്ത്രി തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തിറങ്ങി. പൂജാരിമാരിൽ നിന്ന് എഴുതി വാങ്ങിയത് കേവലം മാപ്പപേക്ഷയല്ലെന്നും സംഭവത്തെ ക്കുറിച്ചുള്ള വിശദീകരണമാണെന്നും വ്യക്തമാക്കിയ മന്ത്രി, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇതിന് തൊട്ടുപിന്നാലെയാണ് പൂജാരി അയ്യപ്പൻ അയ്യരെ സസ്പെൻഡ് ചെയ്തുകൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!