കണ്ണൂർ: പയ്യന്നൂർ മാത്തിലിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. തന്നെ വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ പാർട്ടി പോളിറ്റ് ബ്യൂറോ അംഗം തന്നെ പരസ്യമായി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലിനെ നിഷേധിക്കുന്ന നിലപാട് പാർട്ടി നേതൃത്വവും അണികളും പരിശോധിക്കണമെന്നും കുഞ്ഞികൃഷ്‌ണൻ ആവശ്യപ്പെട്ടു.
താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിണറായി വിജയനോ കണ്ണൂർ ജില്ലാ നേതൃത്വമോ വസ്‌തുതാപരമായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കോടാലിക്കെ’, ‘വർഗവഞ്ചകൻ’ തുടങ്ങിയ വിശേഷണങ്ങൾ നൽകുന്നതല്ലാതെ ആരോപണങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ പാർട്ടിക്ക് കഴിയുന്നുണ്ടോയെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
പയ്യന്നൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയെ മറികടന്ന് താൻ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇതിനെ അവഗണിച്ചുള്ള പരാമർശങ്ങൾ പയ്യന്നൂരിലെ ജനങ്ങളുടെ വിധിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടോയെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ പയ്യന്നൂരിൽ തനിക്കെതിരെ അക്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അക്രമഭീഷണികൾകൊണ്ട് തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകി ല്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആരെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഇത്തരം സമ്മർദങ്ങളെ ഭയന്ന് നിലപാടുകളിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
