നേപ്പാളിലെ പ്രളയത്തിൽ ഒഴുകിയെത്തിയത് പണമടങ്ങിയ ലോക്കർ; കൈക്കലാക്കിയത് 57 ലക്ഷം

കഠ്മണ്ഡു : മഹാ പ്രളയത്തിൽ തകർന്നു താറുമാറായിരിക്കുകയാണ് നേപ്പാൾ. പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചവരും അക്കൂട്ടത്തിലുണ്ട്.

പ്രളയത്തിൽ തകർന്ന ബാങ്കിൽ നിന്ന് ഒഴുകിയെത്തിയ പണം നിറച്ച ലോക്കർ കുത്തിത്തുറന്ന് പണമെടുത്ത കേസിൽ 29 പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റസുവയിലെ ബൊട്കോശി മേഖലയിൽ നിന്ന് ഒഴുകിയെത്തിയ ലോക്കർ ഗൽചി റൂറൽ മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള തൃശൂലി നദിയിൽ നിന്നാണ് കണ്ടെത്തിയത്.

നാട്ടുകാരിൽ ചിലർ പുഴയിലൂടെ ഒഴുകിയെത്തിയ ലോക്കർ കുത്തിപ്പൊളിച്ച് പണമെടുത്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ 92,68,505 നേപ്പാളീസ് രൂപ ( ഏകദേശം 57 ലക്ഷം രൂപ) 29 പേരിൽ നിന്നായി പിടിച്ചെടുത്തു.

പ്രതികളിൽ കൂടുതൽ പേരും ഗൽച്ചിയിലെ മാസ്തർ നിവാസികളാണ്. 19 വയസുള്ളവർ മുതൽ 49 വയസുള്ളവർ വരെ കൂട്ടത്തിലുണ്ട്.

എവിടെ നിന്നാണ് പണമടങ്ങിയ ലോക്കർ നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!