സോണിയ ഗാന്ധി പുസ്തക വിവാദത്തിൽ പെൻഗ്വിൻ ഹൗസ്…

ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. സോണിയ ഗാന്ധിയുമായി പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് സ്ഥിരീകരിച്ചു. എന്നാൽ ‘ബിലോങിംഗ്’ എന്ന പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിൻ ഹൗസ് അല്ലെന്നും പ്രസാധകർ വ്യക്തമാക്കി.

പുസ്തകത്തിൽ ആവശ്യപ്പെട്ട ചില മാറ്റങ്ങൾ സോണിയ ഗാന്ധി നിരസിച്ചതിനെ തുടർന്ന് പെൻഗ്വിൻ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പ്രസാധകർ അറിയിച്ചു.

പ്രസാധകർ എന്ന നിലയിൽ പുസ്തകത്തിലെ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കുകയും മികച്ച താൽപര്യം മുൻനിർത്തി എഴുത്തുകാരന് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും പെൻഗ്വിൻ ഹൗസ് വ്യക്തമാക്കി. ചർച്ചകളിലുടനീളം സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ സന്നദ്ധരും താൽപര്യമുള്ളവരുമായിരുന്നു വെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി.

എന്നാൽ സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രസാധകർ അറിയിച്ചു.

പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പെൻഗ്വിന്റെ ആവശ്യം സോണിയ ഗാന്ധി നിരസിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് സോണിയ ഗാന്ധി നിലപാടെടുത്തതായാണ് റിപ്പോർട്ട്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുസ്തക പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യൻ വിപണിയിലെത്തിച്ചേക്കുമെന്നാണ് വിവരം. ‘ബിലോങിംഗ്’ നവംബറിൽ പുറത്തിറങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!