മൂന്നാർ ടൗണിൽ വിരിഞ്ഞ കൊമ്പന്റെ വിളയാട്ടം…

മൂന്നാർ: മൂന്നാർ ടൗണിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ സാന്നിധ്യം. വിരിഞ്ഞ കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ടൗണിലെത്തിയത്. സ്വകാര്യ വ്യക്തിയുടെ സംരക്ഷണഭിത്തിയടക്കം തകർത്ത ആനയുടെ മുന്നിൽപ്പെട്ട യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച പുലർച്ചെയാണ് മൗണ്ട് കാർമൽ ബസിലിക്കയ്ക്ക് സമീപം കാട്ടാന എത്തിയത്. പ്രധാന റോഡിലൂടെ നടന്നെത്തിയ ആന സമീപത്തെ വാഴകൾ നശിപ്പിച്ച് ഭക്ഷിച്ചു. വിവരമറിഞ്ഞ് വനംവകുപ്പ് ദ്രുതകർമ സേന സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

എന്നാൽ വൈകിട്ട് എട്ടോടെ ആന വീണ്ടും ടൗണിലെത്തി. സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപത്തെ വഴിയിലൂടെ ആന നടന്നുവരുന്നതിനിടെയാണ് സമീപത്തെ വീട്ടിൽനിന്ന് പടികളിറങ്ങിയ യുവാവ് ആനയുടെ മുന്നിലെത്തിയത് അപകടം മനസ്സിലാക്കിയ യുവാവ് ഉടൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് ആന സ്വകാര്യ വ്യക്തിയുടെ സംരക്ഷണഭിത്തികൾ ഉൾപ്പെടെ തകർത്തു.

സംഭവമറിഞ്ഞെത്തിയ ദ്രുതകർമ സേന വീണ്ടും ആനയെ കാട്ടിലേക്ക് തുരത്തി. ടൗൺ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായതോടെ നാട്ടുകാരും ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!