നേപ്പാൾ പ്രളയത്തിൽ മരണം 500 കടന്നു; എട്ട് മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല…

ന്യൂഡൽഹി/തിരുവനന്തപുരം: നേപ്പാളിനെ നടുക്കിയ മിന്നൽപ്രളയത്തിൽ മരണസംഖ്യ 500 കടന്നു. ദുരന്തത്തിൽ ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ അധികൃതരുടെ വിവരം. ഇതിനിടെ നേപ്പാളിലുള്ള 320 ഇന്ത്യൻ പൗരന്മാരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നൂറോളം ഇന്ത്യൻ വംശജരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

കേരളത്തിൽ നിന്നുള്ള എട്ട് പേരും ഇപ്പോഴും കാണാതായവരുടെ പട്ടികയിലുണ്ട്. നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരെക്കുറിച്ചാണ് നോർക്കയ്ക്ക് അന്വേഷണം ലഭിച്ചത്. ഇതിൽ 60 മലയാളികൾ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതോടെ ഇവരുടെ വിവരങ്ങൾ അതത് സംസ്ഥാനങ്ങൾക്ക് കൈമാറി.

ഓസ്ട്രേലിയൻ മലയാളികളായ നാലുപേർ ഉൾപ്പെടെ എട്ട് കേരളീയരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായി നോർക്ക അധികൃതർ അറിയിച്ചു.

കൈലാസ-മാനസരോവർ യാത്രക്കാർക്കും ആശങ്ക

മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ള നൂറോളം ഇന്ത്യൻ വംശജരെയും ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇവരിൽ പലരും കൈലാസ – മാനസരോവർ യാത്രയ്ക്ക് പോയവരായിരിക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

അതേസമയം, ത്രിശൂലി വൺ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിന്നൽപ്രളയം ബാധിച്ച ചൈനീസ് ഭാഗത്തുള്ള 400 ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്നും ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; മൂന്നാമത്തെ ദുരിതാശ്വാസ വിമാനം ഇന്ന്

ദുരന്തമുണ്ടായ ദിവസം തന്നെ ഇന്ത്യ സഹായപ്രവർത്തനങ്ങൾ ആരംഭിച്ചതായി രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഓഗസ്റ്റ് 26-ന് വൈകുന്നേരം പുറപ്പെട്ട ആദ്യ വിമാനത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് നേപ്പാളിലെത്തിച്ചത്. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, മരുന്നുകൾ എന്നിവയായിരുന്നു പ്രധാനമായും ഉൾപ്പെട്ടിരുന്നത്.

തുടർന്ന് ഇന്നലെ രാവിലെ 10.30-ന് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തിൽ 37.5 ടൺ ദുരിതാശ്വാസ വസ്തുക്കളെത്തിച്ചു. ടെന്റുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, ഡീവാട്ടറിംഗ് പമ്പുകൾ, അടുക്കള സെറ്റുകൾ, ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഇതിലുണ്ടായിരുന്നു.

ഇന്ന് വൈകുന്നേരം മൂന്നാമത്തെ ദുരിതാശ്വാസ വിമാനം കൂടി നേപ്പാളിലേക്ക് പുറപ്പെടും. പോർട്ടബിൾ ജനറേറ്ററുകൾ, ഡിഗ്‌നിറ്റി കിറ്റുകൾ, ഭക്ഷണം, ജലശുദ്ധീകരണ ഗുളികകൾ, മരുന്നുകൾ എന്നിവയ്ക്കൊപ്പം നേപ്പാൾ സർക്കാർ ആവശ്യപ്പെട്ട സാമഗ്രികളും വിമാനത്തിലുണ്ടാകും. ഏകദേശം 13 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് മൂന്നാമത്തെ വിമാനത്തിൽ എത്തിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!