ദുബായിയുടെ പ്രിയപ്പെട്ട മലയാളി ഡോക്ടർ മേരി ജോൺ അമേരിക്കയിൽ അന്തരിച്ചു

സ്പ്രിങ്ഫീല്‍ഡില്‍( യു എസ്): ദുബൈയില്‍ മൂന്ന് പതിറ്റാണ്ടോളം ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച പ്രശസ്ത മലയാളി ഡോക്ടർ മേരി ജോണ്‍ (81) അമേരിക്കയില്‍ നിര്യാതയായി.

ദുബൈയില്‍ മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് സഹായമൊരുക്കിയ അവർ യു.എസിലെ സ്പ്രിങ്ഫീല്‍ഡില്‍ ആഗസ്റ്റ് 21നാണ് അന്തരിച്ചത്. ‘ഗിർലി’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഡോക്ടറുടെ വേർപാടില്‍ ദുബൈയിലെ ആരോഗ്യമേഖലയും പ്രവാസി സമൂഹവും അനുശോചിച്ചു.

1987ല്‍ ദുബൈ ഹോസ്പിറ്റലില്‍ സേവനം ആരംഭിച്ച ഡോ. മേരി ജോണ്‍, 1992ല്‍ ലത്തീഫ ഹോസ്പിറ്റലിലേക്ക് മാറി. 1996 മുതല്‍ 2006 വരെ അവിടെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു. 2013 മുതല്‍ 2016ല്‍ വിരമിക്കുന്നതുവരെ ദുബൈ ഗൈനക്കോളജി ആൻഡ് ഫെർട്ടിലിറ്റി സെന്‍ററിന്‍റെ തലപ്പത്തുണ്ടായിരുന്നു. ആധുനിക ലാപ്രോസ്കോപ്പി ചികിത്സാരീതികളും വിവിധ സൂപ്പർ സ്പെഷാലിറ്റികളും ദുബൈയില്‍ ആദ്യമായി അവതരിപ്പിക്കുന്നതില്‍ അവർ നിർണായക പങ്കുവഹിച്ചു.

ദുബൈ മെഡിക്കല്‍ കോളജിന്‍റെ അക്കാദമിക് മേധാവിയെന്ന നിലയില്‍ നൂറുകണക്കിന് യുവ ഡോക്ടർമാർക്ക് വഴികാട്ടിയുമായിരുന്നു. രോഗീ പരിചരണത്തില്‍ കാണിച്ച കരുണയും സ്നേഹവുമാണ് സഹപ്രവർത്തകർക്കും രോഗികള്‍ക്കും അവരെ പ്രിയങ്കരിയാക്കിയത്.

ദുബൈ ഹെല്‍ത്തിലെ ചീഫ് മെഡിക്കല്‍ ഓഫിസർ ഡോ. മുനാ തഹ്‌ലാക്ക്, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലീം അല്‍ ഒലാമ ഉള്‍പ്പെടെയുള്ള പ്രമുഖർ ഡോക്ടറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

1945 ജൂണ്‍ 17ന് കേരളത്തില്‍ ജനിച്ച ഡോ. മേരി ജോണിന് ആശിഷ്, അനീഷ് എന്നീ രണ്ട് മക്കളുണ്ട്. ദുബൈയില്‍ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മാറിയ അവർ, ന്യൂയോർക്കിലും സേവനം തുടർന്നു. ദുബൈ മാർത്തോമ ഇടവകയും അവരുടെ വേർപാടില്‍ ദുഃഖം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ സെപ്റ്റംബർ ആറിന് സ്പ്രിങ്ഫീല്‍ഡിലെ മാർത്തോമാ ചർച്ചില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!