തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കും, കുടുങ്ങിയെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സംശയമുള്ളവർക്കുമായി ടോള്‍ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.
1070 എന്ന ടോള്‍ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. നേപ്പാളിലെ മിന്നല്‍ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ 1070 എന്ന നമ്പറില്‍ അറിയിക്കാം.

പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈല്‍ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നല്‍കിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം. ലഭ്യമാകുന്ന വിവരങ്ങള്‍ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാള്‍ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്
നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങള്‍ സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ബന്ധപ്പെടേണ്ട നമ്പർ 9447111844, 9747132147.
