വംശീയ രാഷ്ട്രീയത്തിന്റെ ആഘാതത്തിൽ നിന്നും ജമ്മു കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി

ശ്രീനഗർ : പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങൾ വംശീയ രാഷ്ട്രീയത്തിന്റെ ആഘാതം സഹിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജമ്മു കശ്മീരിലെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ജനങ്ങൾ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളിൽ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു.

നൂറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങൾ രാഷ്ട്രീയ ആധിപത്യത്തിന്റെ ആഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവർക്കെല്ലാം അവരുടെ കുടുംബത്തിനെ കുറിച്ച് മാത്രമാണ് ആശങ്ക. നിങ്ങളുടെ താത്പര്യങ്ങളെ കുറിച്ചല്ല. നിങ്ങളുടെ കുടുംബങ്ങളും പ്രദേശത്തെ യുവാക്കളും ഇതുമൂലം ഒരുപാട് ദുരിതമനുഭവിച്ചു. ഈ നാടുവാഴി രാഷ്ട്രീയത്തിൽ നിന്നും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനായതിൽ സന്തോഷമുണ്ട്’- പ്രധാനമന്ത്രി വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ വികസനത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നു ആർട്ടിക്കിൾ 370. എന്നാൽ, ബിജെപി സർക്കാർ അതിനെ റദ്ദാക്കി. ജമ്മു കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ജമ്മു കശ്മീർ ആക്കി നിങ്ങൾ ഇവിടം മാറ്റുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. നിങ്ങളുടെ 70 വർഷത്തെ സ്വപ്‌നം വരും വർഷങ്ങളിൽ മോദി നിറവേറ്റി നൽകും. തട്ടിക്കൊണ്ടു പോകലുകളുടെയും ബോംബുകളുടെയും വിഭജനത്തിന്റെയും വാർത്തകൾ മാത്രമാണ് ഇവിടെ നിന്നും കേട്ടുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ജമ്മു കശ്മീർ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!