പാലായിൽ വീണ്ടും അട്ടിമറി… യുഡിഎഫ് വിമത പുതിയ ചെയർപേഴ്സൺ…

കോട്ടയം : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ് വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.

മായാ രാഹുലിന് 16 വോട്ടും റിയാ ചീരാംകുഴിക്ക് 10 വോട്ടുമാണ് ലഭിച്ചത്. അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാല് പേരും മുഖ്യപ്രതിപക്ഷമായ എൽ.ഡി.എഫിലെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു.

വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു പിന്നീട് ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരിച്ചുപോയിരുന്നു. ഇതോടെ അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടുനിലയിലും മാറ്റമുണ്ടായി.

കഴിഞ്ഞമാസം യു.ഡി.എഫ് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസത്തിലൂടെയാണ് സ്ഥാനത്തുനിന്ന് പുറത്തായത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അഞ്ച് യു.ഡി.എഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായത്. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അന്ന് അവിശ്വാസപ്രമേയം പാസായത്.

ഡി.സി.സി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചിരുന്നു. സ്വതന്ത്ര അംഗം മായാ രാഹുലിനൊപ്പം കോൺഗ്രസ് കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. വിപ്പ് ലംഘിച്ച നാല് അംഗങ്ങളെയും തുടർന്ന് കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!