പുതിയ കെപിസിസി അധ്യക്ഷൻ്റെ പ്രഖ്യാപനം ഓണത്തിന് ശേഷം…

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനമെന്നാണ് സൂചന. അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഡൽഹിയിലെത്തും. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സതീശന് രാഹുൽ ഗാന്ധിയുമായും മല്ലികാർജുന്‍ ഖർഗെയുമായും വിഷയത്തിൽ ചർച്ച നടത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തെ കെ.സി. വേണുഗോപാലുമായി സതീശൻ കൂടിക്കാഴ്ച നടത്തി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇന്ന് സംസ്ഥാനത്തെത്തും. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അവർ ആശയവിനിമയം നടത്തും. പുതിയ അധ്യക്ഷനെ സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് തീരുമാനം. പ്രവർത്തകസമിതി യോഗത്തിനായി ഡൽഹിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡൽഹിയിൽ തുടരുകയാണ്. ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അദ്ദേഹം കണ്ടേക്കും. നിലവിൽ ജോസഫ് വാഴയ്ക്കാനാണ് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണയെന്നാണ് വിവരം. അതേസമയം, അധ്യക്ഷ ചർച്ച നീണ്ടുപോകരുതെന്ന പൊതുവികാരമാണ് സംസ്ഥാന കോൺഗ്രസിൽ ഉയരുന്നത്. കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കൾ പരിഗണനയിലുണ്ടെന്ന് കെ. സുധാകരൻ എംപി പ്രതികരിച്ചു. ഉടൻ പുതിയ അധ്യക്ഷനെ വേണമെന്നാണ് പരിഗണനയിലുള്ള കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിലപാട്. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവമായി ചർച്ചയിലുള്ളത്. ഓണത്തിന് ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!