ഭാര്യയുടെ വീടിന് യുവാവ് തീയിട്ടു; സംഭവം ചാലക്കുടിയിൽ




തൃശ്ശൂര്‍: ഭാര്യയുടെ വീടിന് യുവാവ് തീയിട്ടു. ചാലക്കുടി തച്ചുടപറമ്പിലാണ് സംഭവം. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകൻ തീയിട്ടത്. മാതാപിതാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ ആര്‍ക്കും പരിക്കേറ്റില്ല.

ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ലിജോ സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.

ദമ്പതികളുടെ മക്കൾ രണ്ട് പേരും ലിജോയ്ക്ക് ഒപ്പമാണ് താമസം. ഇന്ന് വൈകിട്ട് സ്കൂട്ടറിൽ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് ബാലകൃഷ്ണനും ഭാര്യയും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ചാലക്കുടിയിൽ ഫോട്ടോഗ്രാഫറാണ് ലിജോ.കുറച്ച് ദിവസമായി ലിജോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബാലകൃഷ്ണൻ പറയുന്നു. ലിജോ എത്തിയപ്പോൾ ബാലകൃഷ്ണൻ വീട്ടിലെ പൂന്തോട്ടത്തിൽ ചെടി നനയ്ക്കുകയായിരുന്നു. ഭാര്യ അകത്ത് പൂജാമുറിയിൽ വിളക്ക് വയ്ക്കുകയായിരുന്നു.

ഇവ‍ര്‍ മൂവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് ലിജോ വീടിന് തീയിട്ടത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!