മറയൂര്‍(ഇടുക്കി) : കോട്ടക്കുളത്ത് തമിഴ്നാട് പോലീസില്‍ നിന്ന് വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി. കോട്ടക്കുളം ഇന്ദിരാഭവനില്‍ പി. ലക്ഷ്മണന്‍(66) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ലക്ഷമണന്റെ സഹോദരിയുടെ മകനും കാന്തല്ലൂര്‍ സ്വദേശിയുമായ അരുണി(23) നെതിരെ മറയൂര്‍ പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. ഇന്ന് രാത്രി 7.30 ഓടെ ലക്ഷ്മണന്റെ വീടിന്റെ മുന്‍ ഭാഗത്തുള്ള മറയൂര്‍ കാന്തല്ലൂര്‍ റോഡരുകില്‍ ആണ് സംഭവം.
തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി എന്ന സ്ഥാപനത്തിന്റെ റെപ്രസെന്റേറ്റീവ് ആയിരുന്ന അരുണിന്റെ ഫോണ്‍ അമ്മാവനായ ലക്ഷ്മണന്‍ വാങ്ങി വച്ചിരുന്നു. നിരവധി തവണ ഫോണ്‍ ചോദിച്ചെങ്കിലും തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണിന്റെ മാതാപിതാക്കള്‍ പറയുന്നു.
കാന്തല്ലൂരില്‍ നിന്ന് മറയൂര്‍ കോട്ടക്കുളത്ത് എത്തിയ അരുണ്‍ വീട്ടുമുറ്റത്തെ റോഡില്‍ നിന്നിരുന്ന ലക്ഷ്മണനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് എത്തിയവരെ വാക്കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി മറയൂര്‍ ഗവ. ഹൈസ്‌കൂളിന്റെ പിന്‍വശത്തുള്ള പാറയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപവാസികളും മകനും ചേര്‍ന്ന് ലക്ഷ്മണനെ മറയൂരിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറയൂര്‍ പോലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. മൃതദേഹം മറയൂര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കള്‍: രാജീവ്, രാധ.
കൊല്ലപ്പെട്ട പി. ലക്ഷ്മണന്‍, രക്ഷപ്പെട്ട പ്രതി അരുണ്‍
