കോട്ടയം : സൻസദ് ആദർശ് യോജന പദ്ധതി പ്രകാരം രാജ്യസഭാ എംപിയായ പി.ടി ഉഷ ദത്തെടുത്ത കോട്ടയത്തെ പള്ളിക്കത്തോട് ഗ്രാമത്തിന് പുതിയ നേട്ടം. സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്ത് എന്ന നേട്ടമാണ് പള്ളിക്കത്തോട് ഗ്രാമം കൈവരിച്ചിരിക്കുന്നത്.
പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പി.ടി ഉഷ എംപിയുടെ സാന്നിധ്യത്തിൽ നോഡൽ ഓഫീസർ ബെവിൻ വർഗീസ് ആണ് പള്ളിക്കത്തോട് സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്തായി മാറിയ കാര്യം പ്രഖ്യാപിച്ചത്.
പള്ളിക്കത്തോട് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്ന ക്യാമ്പിന്റെ ഭാഗമായാണ് പി.ടി ഉഷ എത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി ഉഷ എം.പി നിർവഹിച്ചു.
പി.ടി ഉഷ ഏറ്റെടുത്തിരുന്ന ഈ ഗ്രാമത്തിൽ 10 വയസിൽ താഴെയുള്ള പെൺകുട്ടികളെ സുകന്യ സമൃദ്ധി യോജനയിൽ ചേർക്കുന്ന പദ്ധതി വില്ലേജ് ഡെവലപ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയിരുന്നത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിൽ താഴെയുള്ള എല്ലാ പെൺകുട്ടികൾക്കും പോസ്റ്റ് ഓഫീസുകളിലൂടെയും ദേശസാൽകൃത ബാങ്കുകളിലൂടെയും സുകന്യ സമൃദ്ധി പദ്ധതിയിൽ ചേരാൻ കഴിയുന്നതാണ്. 8.2% പലിശ എന്ന ഉയർന്ന പലിശ നിരക്ക് തന്നെയാണ് ഈ നിക്ഷേപ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. 21 വർഷമാണ് പദ്ധതിയുടെ കാലാവധി
