പമ്പയിൽനിന്ന് സന്നിധാനത്തേക്ക് നെയ്യ് കൊണ്ടുപോയതിന് രേഖകളില്ല; മിൽമ നെയ്യ് ഇടപാടിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്ക് പമ്പയിൽനിന്ന് ട്രാക്ടറിൽ നെയ്യ് കൊണ്ടുപോയതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാകാതെ ദേവസ്വം ബോർഡ്. തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് വാങ്ങിയ നെയ്യ് സന്നിധാനത്ത് എത്തിയതായി ലെഡ്ജറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് അനുബന്ധമായി സൂക്ഷിക്കേണ്ട രേഖകളൊന്നും ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ എസ്.ഐ.ടി. അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തീർഥാടന സീസണിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് നെയ്യ് വാങ്ങിയത്. ആകെ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ. എന്നാൽ പമ്പയിലെ ലെഡ്‌ജർ പരിശോധിച്ചപ്പോൾ 1.61 ലക്ഷം ലിറ്റർ നെയ്യ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ലെഡ്‌ജറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് മാത്രമുപയോഗിച്ച് നെയ്യ് മുഴുവൻ സന്നിധാനത്ത് എത്തിയെന്ന് സ്ഥിരീകരിക്കാനാകുമോ എന്നതിലാണ് ഇപ്പോഴത്തെ അന്വേഷണം.

ട്രാക്ടർ യാത്രകൾക്കും രേഖകളില്ല

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ട്രാക്ടർ നമ്പർ, ഡ്രൈവറുടെ പേര്, തീയതി, സമയം, കൊണ്ടുപോയ സാധനത്തിന്റെ പേര്, അളവ് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ദേവസ്വത്തിൽ അടയ്ക്കേണ്ട 100 രൂപയുടെ രസീതിന്റെ പകർപ്പും സൂക്ഷിക്കേണ്ടതുണ്ട്.

എന്നാൽ നെയ്യ് സന്നിധാനത്തേക്ക് കൊണ്ടുപോയതായി പറയുന്ന ട്രാക്ടർ യാത്രകളുമായി ബന്ധപ്പെട്ട് ഇത്തരം രേഖകളൊന്നും ദേവസ്വം വിജിലൻസിന് മുന്നിൽ ഹാജരാക്കാൻ പമ്പയിലെ സ്റ്റോർ ചുമതലക്കാർക്ക് കഴിഞ്ഞില്ല.

ലെഡ്ജറിലെ രേഖ മാത്രം തെളിവ്

നെയ്യ് സന്നിധാനത്ത് എത്തിയെന്നതിന് നിലവിൽ അവശേഷിക്കുന്ന പ്രധാന രേഖ ലെഡ്ജറിലെ എൻട്രി മാത്രമാണ്. മിൽമയിൽനിന്ന് നെയ്യ് എത്തിയത് മുതൽ പമ്പയിൽ സ്വീകരിച്ചതും സ്റ്റോക്കിൽ ചേർത്തതും പിന്നീട് സന്നിധാനത്തേക്ക് മാറ്റിയതും ഉൾപ്പെടെയുള്ള ഓരോ ഘട്ടത്തിലെയും രേഖകൾ എസ്.ഐ.ടി. പരിശോധിക്കും.

നെയ്യിന്റെ വരവ്, സ്റ്റോക്ക്, കൈമാറ്റം എന്നിവയിലെ കണക്കുകളും രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!