സർക്കാർ സേവനങ്ങൾക്ക് ഇനി എഐ കരുത്ത്; കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് ഒരുങ്ങുന്നു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ജനങ്ങളിലേക്കുള്ള സേവനവിതരണം ലളിതമാക്കാനും നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം. ഇതിന്റെ ഭാഗമായി സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) ഒരുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് യാഥാർഥ്യമാകുകയാണ്. പട്ടത്തുള്ള സി-ഡിറ്റ് ഐസിടി കോംപ്ലക്‌സിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് സജ്ജമാക്കിയിരിക്കുന്നത്.

സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി മലയാളത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ദ്വിഭാഷാ എഐ സംവിധാനങ്ങളാണ് സി-ഡിറ്റ് വികസിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാനും കേൾക്കാനും വിവരങ്ങൾ മനസ്സിലാക്കി സ്വാഭാവികമായി മറുപടി നൽകാനും കഴിയുന്ന സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്. ഔദ്യോഗികവും സ്ഥിരീകരിക്കപ്പെട്ടതുമായ സർക്കാർ വിവരങ്ങളിൽ നിന്ന് കൃത്യമായ ഉത്തരങ്ങൾ നൽകുന്ന സാങ്കേതികവിദ്യയും ശബ്ദത്തെ എഴുത്തായും എഴുത്തിനെ സ്വാഭാവിക ശബ്ദമായും മാറ്റുന്ന സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്.

നിക്ഷേപവും തൊഴിലും, പൗരസേവനം, വയോജന പരിചരണവും സുരക്ഷയും, ഭരണവും നിയമനിർവഹണവും, പഠനം, നൈപുണ്യ വികസനം തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഉപയോഗിക്കാവുന്ന എഐ സംവിധാനങ്ങൾ സി-ഡിറ്റ് ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.

വിദേശ മലയാളികളുടെ നിക്ഷേപ, തൊഴിൽ ആവശ്യങ്ങൾക്ക് സഹായകമാകുന്ന ‘ഷെർപ്പ’, വിവിധ സർക്കാർ സേവനങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന സി-ഡിറ്റ് എഐ ഏജന്റ്, സർക്കാർ ഉത്തരവുകളും രേഖകളും എളുപ്പത്തിൽ കണ്ടെത്താനും മനസ്സിലാക്കാനും സഹായിക്കുന്ന സർക്കാർ രേഖാ പോർട്ടൽ എന്നിവ പ്രധാന സംരംഭങ്ങളാണ്. വയോജനങ്ങളുടെ അടിയന്തര സുരക്ഷയ്ക്കുള്ള സഹായ സംവിധാനം, സഹകരണ സ്ഥാപനങ്ങളുടെ ബൈലോകൾ നിയമപരമായി പരിശോധിക്കുന്ന സംവിധാനം, എഐ അധിഷ്ഠിത പഠന-പരിശീലന സംവിധാനം എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.

ഓരോ പദ്ധതിക്കും പ്രത്യേകം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് പകരം വിവിധ സർക്കാർ സേവനങ്ങൾക്കായി ഒരേ എഐ സംവിധാനങ്ങൾ പുനരുപയോഗിക്കാവുന്ന തരത്തിൽ വികസിപ്പിക്കുകയാണ് സി-ഡിറ്റിന്റെ ലക്ഷ്യം. ഇതുവഴി പുതിയ സേവനങ്ങൾ വേഗത്തിൽ അവതരിപ്പിക്കുന്നതിനൊപ്പം സാങ്കേതിക ഗുണനിലവാരത്തിലും ഏകീകരണം ഉറപ്പാക്കാനാകും.

സർക്കാർ നിയന്ത്രണത്തിലുള്ള കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങളിൽ എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് ഡാറ്റാ സുരക്ഷയും സാങ്കേതിക നിയന്ത്രണവും സർക്കാർ സംവിധാനത്തിനുള്ളിൽ തന്നെ നിലനിർത്തുന്നതിനും ലാബ് പ്രത്യേക പ്രാധാന്യം നൽകുന്നു. കേരളത്തിന്റെ ഭാഷ, ഭരണരീതി, പൊതുസേവന ആവശ്യങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കുന്ന സർക്കാർ നിയന്ത്രിത സ്വന്തം എഐ മാതൃക വികസിപ്പിക്കുകയെന്നതാണ് ദീർഘകാല ലക്ഷ്യം.

നിർമിതബുദ്ധിയെ പരീക്ഷണഘട്ടത്തിൽ മാത്രം ഒതുക്കാതെ ജനങ്ങളുടെ ദൈനംദിന സർക്കാർ സേവനങ്ങളുടെ ഭാഗമാക്കാനുള്ള നീക്കമാണ് സി-ഡിറ്റിന്റെ എഐ ലാബിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ തേടുന്ന സാധാരണക്കാരന് കൂടുതൽ വേഗത്തിലും ലളിതമായും കൃത്യമായും വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പുതിയൊരു ഡിജിറ്റൽ ഭരണസംവിധാനത്തിലേക്കുള്ള കേരളത്തിന്റെ നിർണായക ചുവടുവെപ്പായി പദ്ധതിയെ കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!