മധ്യകേരളത്തിൽ രാവിലെയും മഴ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ദുരിതക്കയത്തിൽ

കോട്ടയം/പത്തനംതിട്ട: ജനജീവിതം ദുസ്സഹമായി മധ്യകേരളത്തിൽ ഇടയ്ക്കിടെ ശക്തമായ മഴ തുടരുന്നതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രളയസമാനമായ സാഹചര്യം തുടരുന്നു.

കോട്ടയം നഗരത്തിലും താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
തിരുവാർപ്പ്, അയ്മനം, ഇല്ലിക്കൽ, കുമരകം, നാട്ടകം, കോടിമത, നാഗമ്പടം, ചുങ്കം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം മാറ്റമില്ലാതെ അതീവ രൂക്ഷമായി തുടരുകയാണ്.
ഇവിടങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം പൂർണ്ണമായും ദുസ്സഹമായി മാറി.

കനത്ത മഴയിൽ ഇല്ലിക്കലിൽ സ്കൂളിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു.
നാഗമ്പടത്ത് പ്രധാന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
നഗരത്തിലെയും പരിസര പ്രദേശങ്ങളിലും പല പ്രധാന റോഡുകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

വേമ്പനാട് കായൽ വഴി കടലിലേക്കുള്ള നീരൊഴുക്കിന്റെ വേഗത കുറഞ്ഞതാണ് കോട്ടയം നഗരത്തെയും പരിസര പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയത്.

മീനച്ചിലാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്ന ഈ പ്രതിഭാസം പാലാ വരെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കാൻ കാരണമാകുന്നുണ്ട്.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് , ഓറഞ്ച് അലർട്ടുകൾ മാറി മാറി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!