പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകളും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ആവശ്യമായതിലും ഇരട്ടി അളവിൽ സാധനങ്ങൾ സ്റ്റോക്കിൽ രേഖപ്പെടുത്തിയതായും, അഷ്ടാഭിഷേക വഴിപാടിനായി ആവശ്യമായതിന്റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തതായി കണക്കുകളിൽ രേഖപ്പെടുത്തിയതായും വിജിലൻസ് കണ്ടെത്തി. 2020-ൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത വലിയ അളവിൽ തേനും അരവണ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം അവശേഷിച്ച സാമഗ്രികൾ എന്ത് ചെയ്തുവെന്നതിൽ വ്യക്തതയില്ലെന്നും, അവ ദുരുപയോഗം ചെയ്തോ മറ്റ് ക്രമക്കേടുകൾ നടന്നോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അരവണ പാക്കിംഗിനായി വാങ്ങിയ സാധനങ്ങളിൽ വൻതോതിൽ ‘ഡാമേജ്’ രേഖപ്പെടുത്തി സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശബരിമല മെയിൻ സ്റ്റോറിൽ വൻ ക്രമക്കേട്… ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്ത്
