റിയാദ്: വ്യോമാക്രമണ മുന്നറിയിപ്പുകള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം സൗദി തലസ്ഥാനമായ റിയാദില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കറുത്ത പുകയും തീജ്വാലകളും ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. റിയാദില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തടസ്സങ്ങള്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.
വിമാനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘ഫ്‌ലൈറ്റ് റഡാര്‍ 24’ വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കപ്പെടുന്നതും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിന് തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടുത്തത്തിന്റെയും സ്‌ഫോടനങ്ങളുടെയും കാരണം ഉടന്‍ വ്യക്തമായില്ല.റോയിട്ടേഴ്‌സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെര്‍മിനല്‍ കെട്ടിടങ്ങള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ പുക ഉയര്‍ന്നുവരുന്നത് വ്യക്തമാണ്. വിഷയത്തില്‍ സൗദി അധികൃതര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുമില്ല.
സൗദിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ ‘അരാംകോ’യുടെ കത്തിയമര്‍ന്ന ഇന്ധന ടാങ്കിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നത് കണ്ടതായി സംഭവസ്ഥലത്തുണ്ടായിരുന്ന എഎഫ്പി മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടേതെന്ന് തോന്നിക്കുന്ന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികളും എഎഫ്പിയോട് പറഞ്ഞു.
