ഇന്ത്യയിൽ അഭയം തേടിയ ശേഷം ആദ്യമായി മാധ്യമങ്ങളുടെ മുന്നിലേക്ക് ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും പൊതുശ്രദ്ധയിലേക്ക്. ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൽ ബുധനാഴ്ച സംഘടിപ്പിക്കുന്ന ‘ഷെയ്ഖ് ഹസീനാസ് ഹോം കമിംഗ്’ പരിപാടിയിലൂടെ അവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഇന്ത്യയിലെത്തിയതിന് ശേഷം ആദ്യമായാണ് ഹസീന ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

സുരക്ഷാ കാരണങ്ങളാൽ ഹസീന ഓൺലൈൻ വഴിയായിരിക്കും മാധ്യമങ്ങളുമായി സംവദിക്കുക. വൈകീട്ട് ആറിന് മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം, തന്റെ ഭാവി രാഷ്ട്രീയ നിലപാട്, തുടർനീക്കങ്ങൾ എന്നിവ സംബന്ധിച്ച പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

രണ്ടുവർഷം മുമ്പ് രാജ്യത്ത് ഉണ്ടായ രാഷ്ട്രീയ കലാപത്തെ തുടർന്ന് ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയ ഹസീന, ഇതേ ദിവസത്തിൽ തന്നെ മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം ബംഗ്ലാദേശിലേക്കുള്ള മടങ്ങിപ്പോക്കിനെക്കുറിച്ചും അവർ നിലപാട് വ്യക്തമാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

അതേസമയം, ബംഗ്ലാദേശ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, വിഷയത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നിയമപരവും നയതന്ത്രപരവുമായ വശങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ഹസീനയുടെ പക്ഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങി നിയമനടപടികൾ നേരിടാൻ തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ അവരുടെ വാർത്താസമ്മേളനത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!