കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ച മധ്യവയസ്കനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ച സംഭവത്തിൽ മധ്യവയസ്കനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പട്ടാമ്പി സ്വദേശി കുഞ്ഞുമൊയ്തീനെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. യാത്രക്കാർ നിറഞ്ഞിരുന്ന പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടർ ഓടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.
പൊതുജനങ്ങളുടെ സുരക്ഷയെ ഗുരുതരമായി അപകടത്തിലാക്കുന്ന രീതിയിലുള്ള പ്രവൃത്തിയാണിതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കേസെടുത്തത്. ലഗേജുകളുമായി ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തിയാണ് ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ വാഹനം ഓടിച്ചത്. ബുധനാഴ്ച കുഞ്ഞുമൊയ്തീനെ ഷൊർണൂർ ആർ.പി.എഫ്. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ താൻ റെയിൽവേസ്റ്റേഷന് സമീപത്തുള്ള സബ് രജിസ്റ്റാർ ഓഫീസിലേക്ക് വരുകയായിരുന്നെന്ന മറുപടിയാണ് കുഞ്ഞുമൊയ്തീൻ നൽകിയത്.

ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതോടെയാണ് ആർ.പി.എഫ്. രംഗത്തിറങ്ങിയത്. റെയിൽവേസ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ സ്‌കൂട്ടറിന്റെ നമ്പർ ലഭ്യമായതോടെ ഉടമയെ തിരിച്ചറിയുകയായിരുന്നു.

റെയിൽവേ പരിധിയിലേക്ക് അനധികൃതമായി വാഹനം പ്രവേശിപ്പിച്ചതിനും യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടം ഉണ്ടാക്കും വിധം വാഹനം ഓടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്ന് റെയിൽവേ സുരക്ഷാസേന അധികൃതർ അറിയിച്ചു. കുഞ്ഞുമൊയ്തീന് ജാമ്യം നൽകി വിട്ടയച്ചെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയിൽവേ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്റ്റേഷനുകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!