ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം : ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറി. കർണാടക ബാങ്ക് മംഗൽപ്പാടി ശാഖയിൽ 2024ൽ പണയംവെച്ച സ്വർണ്ണങ്ങളിൽ ചിലതാണ് മുക്കുപണ്ടമായി മാറിയത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വർണം പണയംവെച്ച മഞ്ചേശ്വരം സ്വദേശി മരണപ്പെട്ടിരുന്നു. ഇയാളുടെ മകൻ ആണ് സ്വർണം തിരിച്ചെടുക്കാൻ ബാങ്കിൽ എത്തിയത്. 15 ഓളം ബാങ്കുകളിൽ അന്വേഷണം നടത്തിയാണ് മകൻ മംഗൽപാടി ശാഖയിൽ എത്തിയത്. സ്വർണം കണ്ടെത്തിയെങ്കിലും നെക്ലേസ് അടക്കമുള്ള മാലയിൽ സംശയം തോന്നി.

തുടർന്നു ബാങ്ക് അധികൃതർക്ക് പരാതി നൽകി. ഇവരുടെ അന്വേഷണത്തിലാണ് 227 ഗ്രാം സ്വർണം മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയത്. പണയം വെച്ച സ്വർണത്തിലും ഇപ്പോഴുള്ള സ്വർണത്തിലും ഗ്രാമിൽ വ്യത്യാസം ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പണയം വെച്ചയാൾ മരണപ്പെട്ടതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടി വരുമെന്ന് മഞ്ചേശ്വരം സി ഐ അജിത് പറഞ്ഞു. ഫോൺ രേഖകളും മറ്റും പരിശോധിക്കുകയാണ് പൊലീസ്. ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!