തിരുവനന്തപുരം : ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
മിൽമ ജീവനക്കാർക്ക് ദേവസ്വം ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് പ്രാഥമിക നിഗമനം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നെയ്യ് മതിയായ പരിശോധനകളില്ലാതെ കടത്തിവിട്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടൽ അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി.
ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷത്തിലധികം നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടുകൾ, നിയമനങ്ങൾ, കരാറുകൾ എന്നിവയാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്.
മന്ത്രി ആർ. ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. നെയ്യ് വിതരണ കരാർ ഘട്ടം മുതൽ ക്രമക്കേട് ആരംഭിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കുന്ന കരാറിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡിൽ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
