ചെന്താമര പാലക്കാട് നഗരത്തില്‍?; വ്യാപക തിരച്ചില്‍, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി


പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക ക്കേസിലെ പ്രതി ചെന്താമര പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപക തിരച്ചില്‍. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നു. കൂടാതെ നഗരത്തിന്റെ മുക്കും മൂലയും വരെ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

നെന്മാറയില്‍ നിന്നും ചെന്താമരയുമായി സാദൃശ്യമുള്ളയാള്‍ പാലക്കാട്ടേക്ക് ബസില്‍ കയറിപ്പോയി എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കോട്ടമൈതാനത്ത് ഇയാളെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. നൂറിലേറെ പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തി നടത്തിവരികയാണ്.

തിരച്ചിലിനായി മുങ്ങല്‍ വിദഗ്ധരുടെ സേവനവും തേടിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും ക്വാറികളിലും അടക്കം തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിന് നാട്ടുകാരുടെ സഹായവും പൊലീസ് ഉപയോഗിക്കുന്നുണ്ട്. പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രതി ചെന്താമര തിരുപ്പൂരില്‍ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

അതിനിടെ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചത്. പിന്നീട് 2023 ല്‍ ഇത് നെന്മാറ പഞ്ചായത്ത് പരിധിയായി ജാമ്യ ഇളവ് ചുരുക്കി. എന്നാല്‍ ഉപാധി ലംഘിച്ച് ചെന്താമര പഞ്ചായത്തിലെത്തി താമസമാക്കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!