തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ജയിൽവകുപ്പ് ശുപാർശ. പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് നൽകിയ കത്തിലെ നിർദേശം.

ഉയർന്ന ചെലവ്, ആരോഗ്യപരമായ കാരണങ്ങൾ, മട്ടനും മീനും സംഭരിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ശുപാർശ. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം മീനും ഒരു ദിവസം മട്ടനുമാണ് തടവുകാർക്ക് നൽകുന്നത്.
തിങ്കളാഴ്ചയും ബുധനാഴ്ചയും 140 ഗ്രാം വീതം മീൻ കറിയും ശനിയാഴ്ച 100 ഗ്രാം മട്ടനുമാണ് നൽകുന്നത്. മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീനിനായി 4.8 കോടി രൂപയുമാണ് ചിലവാകുന്നത്. പകരം കോഴിക്കറി നൽകാൻ 1.26 കോടി രൂപയും സോയാ ചങ്ക്സിനും മുട്ടയ്ക്കുമായി 3.4 കോടി രൂപയും മാത്രമേ ചെലവ് വരൂ എന്നാണ് ജയിൽവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ.
മട്ടൻ പോലുള്ള റെഡ് മീറ്റ് തുടർച്ചയായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലും മെനുവിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. മാംസാഹാരം കഴിക്കാത്ത തടവുകാർക്ക് വെജിറ്റേറിയൻ ഭക്ഷണവും നൽകും. നിലവിലെ നിർദേശം സർക്കാർ അംഗീകരിച്ചാൽ പുതിയ ഭക്ഷണക്രമം നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും.
