‘മുസ്ലീം ലീഗിന് വർഗീയ മുഖം’; ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളും ഏറ്റെടുത്തു? സിപിഎം റിപ്പോർട്ടിൽ രൂക്ഷ വിമർശനം…

കോഴിക്കോട്: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർഗീയ മുഖമാണെന്ന വിമർശനമാണ് സിപിഎം വിശാല സംസ്ഥാന സമിതി റിപ്പോർട്ടിൽ ഉയർന്നത്. സമുദായ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ലീഗിന്റെ പ്രവർത്തനങ്ങളിൽ വർഗീയ താൽപര്യം പ്രകടമാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിലൂടെ മുസ്ലീം ലീഗ് വർഗീയ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണങ്ങൾ പോലും ലീഗ് ഏറ്റെടുത്തുവെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സിപിഎമ്മിനെ മതവിരുദ്ധ പാർട്ടിയായി ചിത്രീകരിക്കാനുള്ള പ്രചാരണവും ലീഗ് നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അധികാരത്തിലെത്തുന്നതിനായി യുഡിഎഫ് മുസ്ലീം ലീഗിന്റെ വർഗീയ നീക്കങ്ങളെ ഉപയോഗപ്പെടുത്തിയെന്നും സിപിഎം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരം നിലപാടുകൾ മുന്നണിക്ക് നേട്ടമുണ്ടാക്കാനുള്ള ഉപാധിയായി മാറിയെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്. രാഷ്ട്രീയവാർത്തകൾ വായിക്കുക

അതേസമയം, സിപിഎം വിശാല സംസ്ഥാന സമിതിയിലെ പൊതുചർച്ച ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിനെതിരെ ആദ്യദിനം തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഘടന നേരിടുന്ന വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് ദുർബലമാണെന്നായിരുന്നു പ്രധാന വിമർശനം.

സംഘടനാ വീഴ്ചകൾ തിരുത്തുന്നതിനായി നാല് തലങ്ങളിലായി നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തുടർനടപടികളിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

വിശാല സംസ്ഥാന സമിതിയിലെ ഗ്രൂപ്പ് ചർച്ചകൾക്ക് പാർട്ടി നേതൃത്വം കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ ഒഴിവാക്കി സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ മാത്രം ചർച്ച കേന്ദ്രീകരിക്കണമെന്നാണ് നിർദേശം.

ജില്ലകൾക്ക് അരമണിക്കൂർ വീതമാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. വർഗ-ബഹുജന സംഘടനകൾക്ക് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെയും സമയം നൽകിയിട്ടുണ്ട്. ചർച്ചകൾ കടുത്ത വിമർശനങ്ങളിലേക്ക് നീങ്ങാതിരിക്കണമെന്നും നേതൃത്വത്തിന്റെ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!